വടക്കും നാഥൻ

തെക്കു ഭാഗത്തെ കൈലാസം അല്ലെങ്കിൽ തെങ്കൈലാസം  എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം വടക്കുംനാഥ ക്ഷേത്രം 

ഏഴാം നൂറ്റാണ്ടിലെ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനാൽ നിർമിതമായ വടക്കുംനാഥ ക്ഷേത്രം  പിന്നെ  ശക്തൻ തമ്പുരാൻ കൊട്ടാരം
 എന്നിവ 2012 ൽ , യുനെസ്കോ യുടെ ഹെറിറ്റേജ് സൈറ്റിൽ ഇടംപിടിച്ചിരുന്നു എന്നതിൽ  അത്ഭുതപ്പെടാനില്ല ...അത്രയേറെ മനോഹരമാണ് തെങ്കൈലാസം .ഇവിടത്തെ കൂത്തമ്പലം 1300 വർഷം പഴക്കമുണ്ട് എന്ന് തെളിയിക്കപ്പെട്ടിരുന്നു .

21 തവണ ക്ഷത്രിയരെ നാമാവശേഷമാക്കിയ പരശുരാമൻ തന്റെ പാപം തീർക്കാൻ സ്ഥലം മുഴുവൻ ബ്രഹ്മണർക്കു ദാനം ചെയ്‌തതിനാൽ തനിക്കു തപസ്സിനായി ഇടം ഇല്ലാതെ വരുണനോട് അഭ്യർത്ഥിച്ചതിന്റെ ഫലമായി ഉണ്ടായതാണ് ഈ സ്ഥലം എന്ന് പറയപ്പെടുന്നു ...പരശുരാമന്റെ താല്പര്യപ്രകാരം ശിവനും ഗണങ്ങളും പ്രത്യക്ഷ പ്പെട്ട  സ്ഥലമാണ് തിരു ശിവ പേരൂർ അവിടെ ഒരു വലിയ ശിവലിംഗം കാണപ്പെടുകയും ചെയ്തു ...ആ സ്ഥലമാണ് ഇന്ന് ശ്രീമൂലസ്ഥാനം എന്ന പേരിൽ ഒരു വലിയ ആലിൻ ചുവട്ടിൽ കാണപ്പെടുന്നത്‌ . പിന്നീട് കൊച്ചി രാജാക്കന്മാരുടെ കാലത്തു ഈ ശിവലിംഗം ഇപ്പോൾ കാണുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു എന്നും അവിടെ മനോഹരമായ ക്ഷേത്രം നിർമിച്ചു എന്നും പറയപ്പെടുന്നു ..പിൽക്കാലത്ത് കൊച്ചി രാജാക്കളിൽ മഹാനായ ശക്തൻ തമ്പുരാൻ കൈലാസ നാഥനോടുള്ള ഭക്തിയാൽ ...തന്റെ തലസ്ഥാന നഗരി തൃപ്പൂണിത്തുറയിൽ നിന്നും തൃശ്ശിവപേരൂർ ലേക്ക് മാറ്റപ്പെട്ടു എന്നും തേക്കിന്റെ കാടായി കാണപ്പെട്ടിരുന്ന സ്ഥലം വെട്ടിത്തെളിച്ചതാണ് ഇന്ന് കാണപ്പെടുന്ന  തേക്കിൻ കാട് മൈതാനം എന്നും പറയപ്പെടുന്നു ...കൊച്ചി രാജാക്കന്മാർക്ക് മുൻപ് ക്ഷേത്രഅവകാശം യോഗാതിരിപ്പാടിനായിരുന്നു ..ശ്രീമൂലസ്ഥാനത്തു നിന്നും ലിംഗം മാറ്റി സ്ഥാപിക്കുന്ന നേരം ആലിന്റെ കൊമ്പുകൾ വെട്ടിമാറ്റേണ്ടതുണ്ടായിരുന്നു ..മരച്ചില്ലകൾ വീണു ലിംഗത്തിനു കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ യോഗാതിരിപ്പാട്‌ ലിംഗത്തിനു കുറുകെ കിടന്നുവെന്നും കേടുപാടുകൾ കൂടാതെ ശിവലിംഗം അവിടെ നിന്നും മാറ്റി എന്നും പറയപ്പെടുന്നു 

നാലുഭാഗത്തും ഗോപുരങ്ങളാൽ ഒമ്പതു ഏക്കറിൽ വിസ്തൃതമായി കിടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിലെ മ്യൂറൽ ചിത്രകല , കൂത്തമ്പലം ,ചുറ്റമ്പലം ഇതെല്ലാം മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു ..ഇവിടെ ദർശനം നടത്തുന്നതിന് ഒരു പ്രത്യേക ക്രമം തന്നെയുണ്ട് അത് ഇപ്പോഴും ഇവിടെ പാലിച്ചു പോരുന്നു ...മ്യൂറൽ ചിത്രകലയിൽ വാസുകി ശയനം ,നൃത്ത നാഥ  ചിത്രകല എന്നിവ വളരെ പ്രാധാന്യം അർഹിക്കുന്നു ഈ രണ്ടു ചിത്രങ്ങളും 350 വർഷം പഴക്കം ചെന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട് .

ശിവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ലിംഗം കാണാൻ കഴിയാത്ത ഒരേയൊരു ക്ഷേത്രമാണ് വടക്കുംനാഥൻ .ഇവിടത്തെ പ്രധാന അഭിഷേകമായ നെയ്യിൽ മൂടപ്പെട്ടു കിടക്കുന്നു കൈലാസനാഥൻ . 16 അടി ഉയരത്തിൽ കിടക്കുന്ന കൈലാസത്തെ പ്രതിനിധാനം ചെയ്യുന്ന നെയ്യ് മലയാണ് നമുക്ക് ദർശിക്കാൻ കഴിയുക ..ഇത്രയും വർഷങ്ങളായി അഭിഷേകം ചെയ്തു കൊണ്ടിരിക്കുന്ന നെയ്യിക്കു നാറ്റമോ അരുചിയോ ഇല്ല എന്നതും കടുത്ത വേനലിൽ പോലും ഇത് ഉരുകുന്നില്ല എന്നതും നമ്മെ അതിശയപ്പെടുത്തുന്നു ..ഈ നെയ്യ് പല മാറാ രോഗങ്ങൾക്കും പ്രതിവിധി ആയി പലരും വിശ്വസിക്കുന്നു ....

നാലമ്പലത്തിനു ചുറ്റും   ശ്രീകൃഷ്‌ണൻ ,നന്തി , പരശുരാമൻ , സിംഹോധരൻ ,അയ്യപ്പൻ ,വേട്ടക്കാരൻ ,   ആദി ശങ്കരൻ എന്നീ പ്രതിഷ്ഠകൾ കാണാൻ കഴിയും ...നാലമ്പലത്തിൽ   വടക്കു ഭാഗത്തായി വൃത്താകൃതിയിൽ കാണപ്പെടുന്ന ശ്രീകോവിലിൽ ശിവൻ പടിഞ്ഞാറു ദിശയിലും പാർവതി കിഴക്കു ദിശയിലും പ്രതിഷ്ഠിച്ചിരിക്കുന്നത് അർദ്ധനാരീശ്വര സങ്കല്പത്തെ സൂചിപ്പിക്കുന്നു . വിഷ്ണു -ശിവൻ  എന്നിവരെ ഒന്നായി കാണണം എന്ന  പാർവതി ദേവിയുടെ ആഗ്രഹപ്രകാരം  രൂപം കൊണ്ട വിഷ്ണുവിന്റെയും ശിവന്റെയും  അവതാരം   ശങ്കരനാരായണനും , ശ്രീരാമ പ്രതിഷ്ഠയും നാലമ്പലത്തിൽ കാണപ്പെടുന്നു .ഈ മൂന്നു പ്രതിഷ്ഠകൾക്കും മുഖമണ്ഡപവും കാണാൻ കഴിയും ...ക്ഷേത്രത്തിന്റെ അടുക്കള ഭാഗത്തേക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചിരിക്കുന്ന ഗണേശൻ സമ്പൽ സമൃദ്ധിയുടെ പ്രതീകമായി കരുതപ്പെടുന്നു 

വടക്കുംനാഥനെ  ദർശിക്കാൻ  ആദിശങ്കരൻ അനുഷ്ടിച്ചു വന്ന ക്രമം  ഇപ്പോഴും അനുവർത്തിച്ചു വരുന്നു  ..ഞങ്ങൾ ആദ്യമായി പോയതുകൊണ്ടും രീതികൾ അറിയാത്തതു കൊണ്ടും  ശ്രീമൂലസ്ഥാനത്തു പ്രദക്ഷിണം ചെയ്തിരുന്ന ദിനവും അവിടെ ദർശനം ചെയ്തു വന്ന ഒരു വല്യച്ഛന്റെ സഹായം തേടി ... അതുകൊണ്ടു തന്നെ അറിയാത്ത പല കഥകളും അറിയാനും കഴിഞ്ഞു 

പടിഞ്ഞാറേ ചിറയിൽ കുളിച്ചു ഈറനോടെ വന്നു പടിഞ്ഞാറേ ഭാഗത്തു കാണുന്ന വിഘ്‌നേശ്വരനെ വണങ്ങി വേണം വടക്കും നാഥന്റെ മുന്നിൽ ഉള്ള ശ്രീമൂല സ്ഥാനം പ്രദക്ഷിണം ചെയ്തു ഉള്ളിലേക്ക് പ്രവേശിക്കാൻ ...നമ്മൾ ആദ്യം കാണുന്നത് ഗോശാല കൃഷ്ണനെയാണ്  മുൻപ് ഗോക്കൾ നിരവധി ഉണ്ടായിരുന്നെന്നും പിന്നീട് അതിനെ അവിടെ നിന്നും നീക്കം ചെയ്തതു എന്നും പിന്നീട് വില്ല്വ മംഗലം  പറഞ്ഞത് പ്രകാരം പ്രതിഷ്ടിച്ചതാണ് ഗോശാല കൃഷ്ണൻ എന്ന് പറയപ്പെടുന്നു ...അത് കഴിഞ്ഞു പോകുമ്പോൾ  അർജുനൻ അമ്പും വില്ലും വച്ച സ്ഥലം കാണാൻ കഴിയും ... അതിന്റെ കുറച്ചു ദൂരത്തിൽ സാമൂതിരിയുടെ കാലത്തു തുലാഭാരം നടത്തിയിരുന്ന സ്ഥലം കാണാൻ കഴിയും ...പിന്നീട് കാണുന്നത്  ഉറങ്ങി കിടക്കുന്ന നന്തിയെ ആണ് ....മുൻപ് ഇതിന്റെ നട തുറന്നിരുന്നെന്നും നന്തി നിൽക്കുന്ന രൂപത്തിൽ ആയിരുന്നെന്നും പിന്നീട് നന്തി കിടക്കുന്ന രൂപത്തിൽ കാണപ്പെട്ടതു കൊണ്ട് ഇപ്പോൾ ഇടതു വശത്തൂടെ ദർശനം ചെയ്തു വരുന്നു എന്നും പറയപ്പെടുന്നു ...ഉറങ്ങിക്കിടക്കുന്ന നന്തിയെ കൈകൊട്ടി ശബ്ദം ഉണ്ടാക്കി ഉണർത്തി വേണം ദർശനം നടത്താൻ ...നന്തി നഗ്ന രൂപത്തിൽ ആയതുകൊണ്ട് നമ്മുടെ വസ്ത്രത്തിലെ ഒരു നൂൽ അവിടെ അർപ്പിക്കണം എന്നും പറയപ്പെടുന്നു . ജൈന മതത്തിലെ ഋഷഭ നാഥന്റെ പ്രതിഷ്ഠയാണ് ഇത് എന്നും പറയപ്പെടുന്നു ...നന്തിയെ പ്രദക്ഷിണം ചെയ്യാനും പാടുള്ളതല്ല .

പിന്നീട് നമ്മൾ എത്തിച്ചേരുന്നത് ഈശാന മൂലയിലെ പരശുരാമനെ ദർശിക്കാനാണ് ..ശിവ പ്രതിഷ്ഠ നടത്തിയ ശേഷം പരശുരാമൻ അപ്രത്യക്ഷമായത് അവിടെ വച്ചാണെന്നാണ് ഐതിഹ്യം 
അതിനു ശേഷം ശിവഗണങ്ങളിൽ ഒന്നായ സിംഹോദരന്റെ (സർവക) പ്രതിഷ്ഠ കാണാം ..ശിവ പ്രതിഷ്ഠ നടത്താൻ പറ്റിയ ഒരു സ്ഥലം കണ്ടെത്താൻ അയച്ച സിംഹോദരൻ സ്ഥലം കണ്ടെത്തിയ ശേഷം അവിടെ കിടന്നു ഉറങ്ങിപ്പോയെന്നും ശിവ പാർവതി വന്നത് അറിയാതെ പോയ സിംഹോദരനെ ശിവൻ കാലുകൊണ്ട് തൊഴിച്ചു ഇപ്പോൾ കാണുന്ന സ്ഥലത്തേക്ക് അതായത് കാടിക്കുഴിയിലേക്കു എറിയപ്പെട്ടു എന്നും പറയപ്പെടുന്നു ...കഴുകുന്ന വെള്ളം വരുന്ന സ്ഥലം ആയതു കൊണ്ട് അത് കാടിക്കുഴി എന്നറിയപ്പെടുന്നു ...അവിടെ നിന്നും നോക്കിയാൽ ത്രികോണ ആകൃതിയിൽ ഒരു ദ്വാരം കാണാം ....അതിലൂടെ നോക്കിയാണ് സിംഹോദരൻ വടക്കുംനാഥന്റെ കാവലാൾ ആയി ഇരിക്കുന്നത് ....അതിനടുത്തായി ഒരു ബലിക്കൽ കാണാൻ കഴിയും ...കാശി വിശ്വനാഥനെ ദർശിക്കാനുള്ള സിംഹോദരന്റെ അപേക്ഷ മാനിച്ചു പാർവതി ദേവിയുടെ അപേക്ഷ പ്രകാരം ശിവൻ കാശിയിലേക്കു ഉണ്ടാക്കിയ തുരങ്കം ആണ് അതിനടിയിൽ എന്നും കാശി വിശ്വനാഥനെ ദർശിച്ച ഉടനെ അത് അടക്കാൻ ദേവി സിംഹോദരനോട് ആജ്ഞാപിച്ചിരുന്നു എന്നും പറയപ്പെടുന്നു ആ വഴി ഗംഗ ഉപയോഗപ്പെടുത്തുമോ എന്നുള്ള ഭീതിയിൽ ആണ് ദേവി അപ്രകാരം പറഞ്ഞതെന്നും പറയപ്പെടുന്നു ....ഭക്തർ അതിന്റെ മീതെ അത് അടക്കാൻ സഹായം എന്നോണം കല്ല് വച്ചിരുന്നത് ദേവപ്രശ്നത്തിൽ നിഷിദ്ധമായി കണ്ടതിനാൽ  അടുത്ത കാലത്തു നിർത്തലാക്കി.

അടുത്തതായി സാമ്പുതറ കാണാം അതിനു മേലെ കയറിയാണ് അനന്തൻ നടരാജനെ കണ്ടതെന്ന് ഐതിഹ്യം ...അതിനു മേലെ കയറി നടരാജ രൂപത്തിൽ ഉള്ള ശിവനെ ചിദംബരത്തിലും അതിന്റെ പ്രതിബിംബം രാമേശ്വരത്തും ദർശിക്കാൻ കഴിയും .....

അടുത്തതായി അമ്മത്തറ കാണാം അതിനു മേലെ കയറി ഊരകത്തമ്മയെയും കൂടൽമാണിക്യം ഭരതനെയും ദർശിക്കാം ..പാർവതി ദേവി തന്റെ സഹോദരിയായ ഊരകത്തമ്മയെയും  ശ്രീരാമൻ തന്റെ സഹോദരൻ ഭരതനേയും ദർശിക്കാൻ ഈ തറയുടെ മേൽ വരുന്നു എന്നാണ് ഐതിഹ്യം 
അടുത്തതായി കലി ശില  കാണാം അത് വളർന്നു പടിഞ്ഞാറേ ഗോപുരത്തിന്റെ ഉയരത്തിൽ എത്തുന്നതോടെ കലിയുഗം അവസാനിക്കുന്നു എന്ന് ഐതിഹ്യം ...

ശിവനും അർജുനനും തമ്മിലുള്ള യുദ്ധത്തിൽ ശിവൻ വേട്ടക്കാരനായി എടുത്ത അവതാരമാണ് ഇവിടെ നമുക്ക് ദർശിക്കാൻ കഴിയുന്നത് ശിവനോടൊപ്പംപാർവതി വനദുർഗ അവതാരം എടുക്കുന്നു. അർജുനൻ ശിവനുനേരെ അയക്കുന്ന  അസ്ത്രങ്ങൾ എല്ലാം പൂവായി മാറ്റി ദേവി ശിവനെ സഹായിക്കുന്നു ...ഇതാണ് കാടാമ്പുഴ പൂമൂടൽ ചടങ്ങായി നടത്തിവരുന്നതെന്നു പറയപ്പെടുന്നു 
അതിനുശേഷം വ്യാസശില കാണാൻ കഴിയും അവിടെ നേരം പുലർന്നതിനു ശേഷവും സന്ധ്യക്ക്‌ മുൻപും "ഹരി ശ്രീ ഗണപതയേ നമഃ " എന്ന് ഭക്തർ എഴുതുന്നു. അതിനുശേഷം ആദി ശങ്കരനെ വണങ്ങി ചുറ്റമ്പലത്തിലേക്കു കടക്കുന്നു ...അവിടെ വടക്കുംനാഥൻ ,പാർവതി , ഗണപതി ,ശങ്കര നാരായണൻ , ശ്രീരാമൻ എന്നിവരെ ദർശിക്കുന്നു ...ശങ്കര നാരായണനെ ആറു തവണയും ബാക്കി ഉള്ളവരെ നാലുതവണയും ക്രമാനുസരണം ദർശിക്കണം ...ഇവിടെത്തെ ഗണപതി വളരെ പ്രാധാന്യം ഉള്ളതാണ് ..ഒരിക്കൽ ഉത്തരായന സമയത്തെ 12 ദിവസത്തെ പൂജ മുടങ്ങിയപ്പോൾ യോഗാതിരിപ്പാടിന് അശരീരി ഉണ്ടായി ഗണപതി വിഗ്രഹം എടുത്തു മാറ്റാനും അവിടെയുള്ള ഇരുളടഞ്ഞ നിലവറയിൽ നിന്നും വേണ്ടുന്ന ദ്രവ്യങ്ങൾ എടുത്തു പൂജ നടത്താനും ..അന്ന് ഒരു സ്വർണ്ണ പല്ലിയാണ് വെളിച്ചം നൽകിയതെന്നും പറയപ്പെടുന്നു ...വലിയമ്പലത്തിന്റെ ഇടതു വാതിലിന്റെ പുറകിൽ കാണപ്പെടുന്ന പല്ലിയുടെ കൊത്തുപണി തൊട്ടു വണങ്ങുന്നത് സാമ്പത്തികാഭിവൃദ്ധി നൽകുമെന്ന് കരുതപ്പെടുന്നു ...സോപാനത്തിനു അടുത്തുള്ള "സുന്ദര യക്ഷിയുടെ " ചിത്രം തൊട്ടു വണങ്ങിയാൽ ..ആ സുന്ദരി സ്ത്രീയെ വിവാഹം കഴിക്കാൻ കഴിയുമെന്നും വിശ്വാസം 

വടക്കേ ഗോപുരം ചരിഞ്ഞിരിക്കുന്നതു  നമുക്ക് കാണാൻ കഴിയും കാരാട്ട് നമ്പൂതിരിയും വാസുകിയും തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ കാരാട്ട് നമ്പൂതിരിയെ രക്ഷിക്കാൻ വന്ന ഗരുഡ ഗോപുരത്തിന് മേലെ ഇരുന്നതാണ് അത് ചായാൻ കാരണം എന്ന് പറയപ്പെടുന്നു 
 കിഴക്കേ ഗോപുരത്തിന്റെ ഭാഗത്തായി കാണപ്പെടുന്ന ഇരുണ്ട മുറിയിൽ ദിനവും ഉള്ള പൂജക്ക്‌ ശേഷം "ഭഗവതി സേവ " സ്വകാര്യമായി നടത്തി വരാറുണ്ടെന്നും ...ഒരിക്കൽ അവിടെ നടക്കുന്നത് എന്താണെന്ന് അറിയാൻ രാജാവ് ഏർപ്പെടുത്തിയ ആൾ അവിടെ ഒളിഞ്ഞു നോക്കിയതിന്റെ ഫലമായി കാഴ്ച നഷ്ടപ്പെട്ടു എന്നും പറയപ്പെടുന്നു ..അതിനു ശേഷം ആ മുറി അടഞ്ഞു തന്നെ കിടക്കുന്നു 

തെക്കേ ഗോപുരനട മുൻകാലങ്ങളിൽ തുറക്കുക പതിവില്ല എന്ന് പറയപ്പെടുന്നു അത് തുറക്കുന്നത് വലിയൊരു കാട്ടിലേക്ക് ആയിരുന്നെന്നും ...അതിനാൽ മരണ ശിക്ഷ വിധിച്ച കുറ്റവാളികളെ ശിക്ഷ നടപ്പിലാക്കാതെ തെക്കേ ഗോപുര നട തുറന്നു കാട്ടിലേക്ക് അയക്കാൻ വേണ്ടി മാത്രം ആണ് അതു തുറന്നിരുന്നതെന്നും പറയപ്പെടുന്നു .

ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ നശിപ്പിച്ചു എന്ന് പറയപ്പെടുന്നത് ബ്രിട്ടീഷുകാർ അന്നത്തെ കാലത്തു മത വൈരാഗ്യം വളർത്താൻ മെനഞ്ഞുണ്ടാക്കിയ കെട്ടുകഥയാണെന്ന് പറയപ്പെടുന്നത് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ ...എന്തായാലും ടിപ്പു ഈ പ്രദേശത്തു തങ്ങിയിരുന്നെന്നും ആ സമയത്തു ഭക്ഷണം പാകം ചെയ്യാൻ ക്ഷേത്രത്തിലെ പാത്രങ്ങൾ ആണ് ഉപയോഗിച്ചിരുന്നതെന്നും ...ഈ ക്ഷേത്രത്തിനു ഒരു പോറൽ പോലും ഏൽപ്പിക്കാതെയാണ് ഇവിടം വിട്ടതെന്ന് മാത്രമല്ല ക്ഷേതത്തിലേക്കു സമ്മാനമായി ഒരു വലിയ ബ്രോൺസ് വിളക്ക് നൽകിയെന്നും പറയപ്പെടുന്നു 

വടക്കും നാഥ ക്ഷേത്രത്തിൽ മറ്റു ക്ഷേത്രങ്ങളിൽ ഉള്ളതുപോലെ ആണ്ടുതോറും ഉള്ള ഉത്സവമോ വടക്കുന്നാഥനെ പുറത്തേക്കു എഴുന്നള്ളിക്കുന്ന പതിവോ ഇല്ല .ശിവ രാത്രി ഇവിടെ പ്രധാനപ്പെട്ടതാണന് ...ഒരിക്കൽ തൃക്കാർത്തിക ദിവസം രാവിലെ ക്ഷേത്ര ദർശനത്തിനു എത്തിയ വില്ല്വ മംഗലം സാമികൾ ശ്രീകോവിലിൽ വടക്കുംനാഥൻ ഇല്ല എന്ന് ബോധ്യപ്പെട്ടതിനാൽ അന്വേഷണം ആരംഭിച്ചു പുറത്തു വന്ന അദ്ദേഹം വടക്കുംനാഥൻ തെക്കേ മതില്കെട്ടിൽ തെക്കോട്ടു തിരിഞ്ഞു ഇരിക്കുന്നതായി കാണപ്പെട്ടു ...തൃക്കാർത്തിക ദിവസം മീനച്ചിലാറിൽ കുളികഴിഞ്ഞു വരുന്ന തന്റെ പത്നിയായ കുമാരനല്ലൂർ ഭഗവതിയെ ദർശിക്കാൻ അവിടെ ഇരിക്കുന്നതാണെന്നാണ് ഐതിഹ്യം. ഇപ്പോഴും തൃക്കാർത്തിക ദിവസം രാവിലെ പൂജ തെക്കു ഭാഗത്തെ മതിലിൽ നടത്തിപ്പോരുന്നു 

വടക്കും നാഥനെ ദർശിച്ച ശേഷം ശക്തൻ തമ്പുരാൻ കൊട്ടാരം കാണാൻ പോയി ...അത്രയ്ക്ക് വലുതല്ലെങ്കിലും നിറയെ മരങ്ങളാൽ ചുറ്റപ്പെട്ട നല്ലൊരു നാലുകെട്ട് ...അതിനടുത്തു ഒരു മ്യൂസിയം  പഴയ നാണയങ്ങൾ , എഴുത്തോലകൾ , ഗ്രന്ഥപ്പെട്ടി ,ശിലാ ലിഖിതങ്ങൾ , ശില്പങ്ങൾ ,നന്നങ്ങാടി , പഴയ അടുക്കള സാമഗ്രികൾ , കിണറോട്‌  കൂടിയ  പഴയ അടുക്കള അങ്ങനെ ഒരുപാടുണ്ട് കാണാൻ .... അതിനടുത്തായി രാജാക്കന്മാരുടെ സമാധിസ്ഥലവും ...കാവും ...വടക്കേചിറയും ...എല്ലാം കൂടെ നല്ലൊരു അന്തരീക്ഷം .....

Comments

Popular posts from this blog

ബാഹുബലിയും ജൈനമതവും

ടിപ്പു സുൽത്താൻ