മന്ജാരബാദ് കോട്ട

പതിനെട്ടാം നൂറ്റാണ്ടിൽ അതായത് ഏകദേശം 225 വർഷങ്ങൾക്കു മുൻപ് മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താൻ നിർമിച്ചതാണ് ഈ കോട്ട . കാവേരി നദിയുടെ പോഷകനദിയായ ഹേമാവതി നദിയുടെ തീരത്താണ് നക്ഷത്ര രൂപത്തിൽ ഉള്ള ഈ കോട്ട ....മൈസൂരിൽ ആധിപത്യം സ്ഥാപിച്ച ശേഷം തന്റെ സാമ്രാജ്യം സുരക്ഷിതമായ രീതിയിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരുപാട് കോട്ടകൾ അദ്ദേഹം പണികഴിപ്പിച്ചിരുന്നു. അതിൽ ഒന്നാണ് ഇത് . ഇതിന്റെ പണികൾ വീക്ഷിക്കാനായി ഇവിടെ എത്തിയപ്പോൾ ചുറ്റും മഞ്ഞിനാൽ മൂടപ്പെട്ടിരുന്നതിനാൽ അദ്ദേഹം ഇതിനു "മഞ്ചരബാദ് കോട്ട "എന്ന പേര് നൽകി എന്ന് പറയപ്പെടുന്നു
ഫ്രഞ്ച് രാജാക്കന്മാരുമായി നല്ലൊരു സൗഹൃദം അദ്ദേഹം നിലനിർത്തിയിരുന്നു അത് കൊണ്ട് തന്നെയാവാം ഫ്രഞ്ച് രാജാവ് ലൂയിസ് പതിനാലാമന്റെ കാലത്തെ സൈനിക എൻജിനീയർ ആയിരുന്ന സെബാസ്റ്റ്യൻ ലെ യുടെ വസ്തുനിർമാണ രീതിയിൽ ആകൃഷ്ടനായതും ഫ്രഞ്ച്കാരുടെ സഹായത്താൽ മറ്റാരും അത് വരെ പരീക്ഷിക്കാത്ത തരത്തിൽ "നക്ഷത്ര " ആകൃതിയിൽ ഒരു കോട്ട നിർമ്മിച്ചതും. സൈനിക കാര്യങ്ങളിൽ മുൻപേ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പ്രധാനമായും ആയുധങ്ങൾ സൂക്ഷിക്കാനും ..സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനും ആയിരുന്നു ഇത് ഉപയോഗിച്ചിരുന്നത് .. കോട്ടയിലെ ചില മുറികൾ കുതിരാലയം ആയും ചിലതു പട്ടാളക്കാർക്കു ഭക്ഷണം ഉണ്ടാക്കാനുള്ള അടുക്കള ആയും മറ്റു ചിലതു ശൗചാലയം ആയും ഉപയോഗിച്ചു വന്നു .
3240 അടി ഉയരത്തിൽ നിൽക്കുന്ന ഈ കോട്ടയിൽ നിന്നാൽ തെളിഞ്ഞ അന്തരീക്ഷം ഉള്ളപ്പോൾ അറബിക്കടൽ , പശ്ചിമ ഘട്ടം എന്നിവ കാണാൻ കഴിയും . 250 പടികൾ കയറി വേണം കോട്ടയിൽ എത്താൻ അതുകൊണ്ടു തന്നെയാവണം അദ്ദേഹം കോട്ട നിർമ്മിക്കാൻ അങ്ങനെ ഒരു സ്ഥലം കണ്ടെത്തിയതും. അവിടെ നിന്നും ഒരു തുരങ്കം ടിപ്പുവിന്റെ തലസ്ഥാന നഗരിയായ ശ്രീരംഗപട്ടണത്തേക്ക് ഉണ്ടെന്നു പറയപ്പെടുന്നു.
ഈ കോട്ടയുടെ പുറംഭാഗം കരിങ്കല്ലും ചുണ്ണാമ്പുകല്ലും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എങ്കിലും ആയുധ സാമഗ്രികളും മറ്റും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുറികൾ ചുടുകല്ല് കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. അത് കൂടാതെ ഇവിടെയുള്ള ആഴത്തിൽ ഉള്ള പടവോടു കൂടിയ കിണറുകൾക്കു അടുത്തായി രണ്ടു ഭൂഗർഭ അറകൾ നിർമ്മിച്ചു അതിലായിരുന്നു സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. കടുത്ത വേനലിൽ പോലും ആ അറകൾ ശീതളമായി കാണപ്പെട്ടു.കുരിശു ആകൃതിയിൽ പടിക്കെട്ടുകളോടു കൂടെ ആഴത്തിൽ കാണപ്പെട്ടിരുന്ന കുളങ്ങൾ അല്ലെങ്കിൽ കിണറുകൾ ആയിരുന്നു ആകെയുണ്ടായിരുന്ന ജലശ്രോതസ്സ്. ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന മറ്റുള്ള കോട്ടകളിൽ നിന്നും വ്യത്യസ്തമായി ഇവിടത്തെ കൊത്തളങ്ങൾ അമ്പുകളുടെ ആകൃതിയിൽ ആയിരുന്നു ...ചതുരാകൃതിയിൽ അല്ലെങ്കിൽ വൃത്താകൃതിയിൽ കാണപ്പെട്ടിരുന്ന കൊത്തളങ്ങൾ പിന്നീട് അമ്പുകളുടെ ആകൃതിയിൽ മാറിയതിന്റെ തുടക്കം ഇവിടെ നിന്നാകാം എന്ന് കരുതപ്പെടുന്നു.
Comments
Post a Comment